തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്നാര്‍ സ്വദേശികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി.

മൂന്നാര്‍: തമിഴ്‌നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് തോട്ടംമേഖലയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്നതുമായ നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജ, ഭാര്യ ജാനകി, മകള്‍ ഹെമിമിത്ര എന്നിവരായിരുന്നു ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. തമിഴ്നാട് തിരുപ്പൂരിന് സമീപം കാങ്കയത്തായിരുന്നു ഇന്നലെ രാവിലെ വാഹാനാപകടം ഉണ്ടായത്.

അപകടത്തില്‍ രാജയും ഭാര്യ ജാനകിയും മകള്‍ ഹെമിമിത്രയും സംഭവ സ്ഥലത്തു തന്നെ വച്ച് മരണപ്പെട്ടു. മരണപ്പെട്ട ജാനകി തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കുട്ടികളുടെ പഠനം നടന്നിരുന്നതും ഇവിടെയാണ്. മറയൂരിലെ ഒരാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഇന്നലെ പുലര്‍ച്ചെ ജാനകിയുടെ തമിഴ്‌നാട്ടിലെ ജോലി സ്ഥലത്തേക്ക് നാലംഗ കുടുംബം സഞ്ചരിക്കവെയാണ് നിനച്ചിരിക്കാതെ അപകടം മൂവരുടെയും ജീവന്‍ കവര്‍ന്നത്. കാര്‍ പാതയോരത്തെ മരത്തിലിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ രാജയുടെയും ജനകിയുടെയും മറ്റൊരു മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് രാത്രിയില്‍ മൂന്നാറിലെത്തിച്ചു. ഗൂഡാര്‍വിള എസ്റ്റേറ്റിലെ ബന്ധുവീട്ടില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു. അഡ്വ. എ രാജ എം എല്‍ എ, മുന്‍ എം എല്‍ എ എ കെ മണിയടക്കം നിരവധിപേര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി. നിനച്ചിരിക്കാതെ മൂവരേയും മരണം കവര്‍ന്നതിന്റെ ഞെട്ടലിലും വേദനയിലുമായി തൊഴിലാളി കുടുംബങ്ങള്‍. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ഗൂഡാര്‍വിള സെന്റ് ജോസഫ് റോമന്‍ കാത്തലിക്ക് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.