KeralaLatest NewsLocal news

കാട്ടാന ആക്രമണം; ഇടുക്കി ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (50) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു. എന്നാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മകന് രക്ഷപ്പെട്ടു.

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയെ വനം വകുപ്പും നാട്ടുകാരും വനത്തിലേക്ക് ഓടിച്ചുവിട്ടു.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് പീരുമേട്ടിൽ ഒരു സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഈ പ്രദേശത്തു തന്നെ മുൻപ് സോഫി എന്ന വീട്ടമ്മയും കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. വനം വകുപ്പിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ അമർഷമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!