കഞ്ചാവുകേസ് പ്രതിയെ തിരയുന്നതിനിടയില്‍ പോലീസുദ്യോഗസ്ഥന് നേരെ മറ്റൊരു മൂവര്‍ സംഘത്തിന്റെ ആക്രമണം

അടിമാലി: അടിമാലിയില്‍ രക്ഷപ്പെട്ട് പോയ കഞ്ചാവുകേസ് പ്രതിയെ തിരയുന്നതിനിടയില്‍ പോലീസുദ്യോഗസ്ഥന് നേരെ മറ്റൊരു മൂവര്‍ സംഘത്തിന്റെ ആക്രമണം. അടിമാലി 200ഏക്കര്‍ അമ്പലപ്പടി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കഞ്ചാവ് കടത്തികൊണ്ടുവന്ന സംഭവത്തില്‍പ്പെട്ട ഒരാള്‍ ഇന്നലെ കത്തിപ്പാറയില്‍ വച്ച് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അടിമാലി സ്വദേശികളായ ജെസ്റ്റിന്, അക്ഷയ്, രാഹുല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രാഹുലൊഴികെ മറ്റ് രണ്ട് പ്രതികളും ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥന് തിരിച്ചില്‍ നടത്തുന്നതിനിടയില്‍ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞ മൂവര്‍ സംഘം ഒരു ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തുകയും ആക്രമണം നടത്തുകയുമായിരുന്നു. ഹെല്‍മറ്റുപയോഗിച്ച് ഉള്‍പ്പെടെ പ്രതികള്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതായാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് പരിസരപ്രദേശത്തുണ്ടായിരുന്ന പോലീസ് സംഘം ഇവിടേക്കെത്തി. പിന്നീട് പ്രതികളില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. രാത്രിയില്‍ നടത്തിയ തുടര്‍പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പേരും പിടിയിലായി. ഇവരുടെ വാഹനവും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചു.