KeralaLatest News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം; കൺട്രോൾ റൂമുകൾ തുറന്നു

അതിശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി രാമക്കൽ മേട്ടിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര ദിണ്ഡിഗൽ ദേശീയപാതയിൽ ഇന്നലെ രാത്രി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. നദികളിലെയും, പുഴകളിലെയും ജലനിരപ്പ് ഉയരുന്നതിനാൽ തീരങ്ങളിലുള്ള ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തലശേരി, അഴീക്കോട് മേഖലകളിൽ കടൽ പ്രക്ഷ്ഭുധമാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിയന്ത്രണം തുടരുന്നു. ദേശീയപാതയിൽ കുപ്പത്ത് ഇന്നലെ രാത്രി വീണ്ടും മണ്ണിടിച്ചിലുണ്ടായി.

പത്തനംതിട്ട കോന്നിയിൽ കനത്ത മഴയിലും കാറ്റിലും വീടുകൾക്കു മുകളിൽ മരം കടപുഴകി വീണു. ആളപായമില്ല. ഇളകൊള്ളൂർ സ്റ്റേഡിയം പോക്കറ്റ് റോഡ് ബ്ലോക്ക് സമീപവും മരങ്ങൾ വീണു. വൈദ്യുത പോസ്റ്റുകൾ ഉൾപ്പെടെ തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. വയനാട്ടിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലും ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. കാസർഗോഡ് വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണങ്ങൾ ഇന്നും തുടരും.

ഇടുക്കിയിൽ പുലർച്ചെ വരെ അതിശക്തമായ മഴയാണ് പെയ്തത്. പലയിടങ്ങളിലും മരം ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ ഉണ്ടായി. പാമ്പാടുംപാറയിൽ മരം ഒടിഞ്ഞുവീണ് പരിക്കേറ്റ അതിഥി തൊഴിലാളി സ്ത്രീയെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ റെ‍ഡ് അലർ‌ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!