ആലുവ -മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളത്ത് ജനകീയ മാര്‍ച്ച്

മാങ്കുളം: ആലുവ മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. പെരുമ്പന്‍കുത്തില്‍ നിന്ന് കുറത്തിക്കുടിയിലേക്കാണ് ജനകീയ മാര്‍ച്ച് നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. ജനകീയ മാര്‍ച്ച് പെരുമ്പന്‍കുത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം പിന്നിട്ടതോടെ പോലീസ് തടഞ്ഞു. കനത്തമഴയെ അവഗണിച്ചും ആളുകളും ജനകീയ മാര്‍ച്ചിന്റെ ഭാഗമായി.

രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ രാജ പാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടന്നത്. ജനകീയ മാര്‍ച്ച് അഡ്വ. എ രാജ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാങ്കുളം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ്ജ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി, മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണി, പഞ്ചായത്തംഗങ്ങള്‍, സി പി എം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍, ഷാജി പയ്യനാനിക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ജനകീയ മാര്‍ച്ചില്‍ പങ്കെടുത്തു.
നിലവില്‍ വനംവകുപ്പ് അധീനപ്പെടുത്തിയിട്ടുള്ള പഴയ ആലുവ മൂന്നാര്‍ രാജ പാതയിലൂടെ യാത്ര അനുവദനീയമല്ല. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനും സഹായകരമാകുന്ന റോഡിന്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നല്‍കണമെന്നാണ് ആവശ്യം. 1924ലെ വെള്ളപ്പൊക്കത്തിന് ശേഷമായിരുന്നു പഴയ ആലുവ മൂന്നാര്‍ രാജ പാതയിലൂടെയുള്ള യാത്ര തടസ്സപ്പെട്ടത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കരിന്തിരിമലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങള്‍ യാത്ര സാധ്യമല്ലാത്ത വിധം തകരുകയും ചെയ്തു. പ്രളയാനന്തരം അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലക്രമേണ വനംവകുപ്പിന്റെ അധീനതയിലായി. യാത്ര തടയപ്പെട്ടു. എന്നാല്‍ പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്ന് റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനായി വാദിക്കുന്നവര്‍ പറയുന്നു.
റോഡ് തുറന്നാല്‍ യാത്രാ സൗകര്യം വര്‍ധിക്കുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകളിലും പുരോഗതിക്കു കാരണമാകുമെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോതമംഗലത്ത് നിന്ന് അടിമാലി വഴി മൂന്നാറിലേക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന റോഡിന്റെ ദൂരം 80 കീലോമീറ്ററാണ്. എന്നാല്‍ രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ പാതയിലൂടെ 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. 20 കിലോമീറ്റര്‍ ദൂരം യാത്രക്കായി ലാഭിക്കാം.
കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയം കുട്ടിയില്‍ നിന്നും പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നു പോകുന്നത്. നിലവില്‍ പെരുമ്പന്‍കുത്തില്‍ നിന്നും കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്.