
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്നു.മൂന്നാര്‍ ഫ്ളവര്‍ ഗാര്ഡന് സമീപമുള്ള രണ്ട് വഴിയോര വില്‍പ്പന ശാലകളിലാണ് മോഷണം നടന്നത്.സൗന്ദരി, പ്രിയ എന്നിവരുടെ കടകളിലാണ് മോഷ്ടാക്കള്‍ കയറിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മാത്രം ഇവിടെ മൂന്ന് തവണ മോഷണം നടന്നതായി വ്യാപാരികള്‍ പറയുന്നു. അമ്പതിനായിരം രൂപക്ക് മുകളില്‍ വില വരുന്ന വിവിധ വസ്തുക്കള്‍ ഇരുകടകളില് നിന്നുമായി മോഷ്ടാക്കള്‍ കവര്‍ന്നു.

ഇതിന് മുമ്പും നിരവധി തവണ ഇവിടെ മോഷണം നടന്നിട്ടുള്ളതായി ഇവര്‍ പറയുന്നു.പലപ്പോഴായി വലിയ തുകയുടെ സാധന സാമഗ്രികള്‍ ഇവിടെ നിന്നും മോഷണം പോയിട്ടുണ്ട്. മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തുടര്‍ച്ചയായി മോഷണം നടന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും വേണ്ട ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന പരാതി വ്യാപാരികള്‍ക്കുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് ഇടപെടല്‍ നടത്തുന്നില്ലെങ്കില്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.