അടിമാലി ടൗണിലെ ബസ് സ്റ്റാന്‍ഡ് റോഡിലെ അനധികൃത പാര്‍ക്കിംഗും വണ്‍വെ ലംഘനവും പരാതികള്‍ക്ക് ഇടവരുത്തുന്നു

അടിമാലി: അടിമാലി ടൗണിലെ ബസ് സ്റ്റാന്‍ഡ് റോഡിലെ അനധികൃത പാര്‍ക്കിംഗും വണ്‍വെ ക്രമീകരണം പാലിക്കപ്പെടാത്തതും പരാതികള്‍ക്ക് ഇടവരുത്തുന്നു. അടിമാലി ടൗണില്‍ പൊതുവെ തിരക്കേറിയ റോഡാണ് ബസ് സ്റ്റാന്‍ഡ് റോഡ്. ബസുകള്‍ക്ക് പുറമെ മറ്റ് വാഹനങ്ങളും ഈ റോഡിലൂടെ സഞ്ചരിക്കുന്നു. എന്നാല്‍ തിരക്കേറിയ ഈ റോഡിലെ അനധികൃത പാര്‍ക്കിംഗാണിപ്പോള്‍ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്. ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്ന വഴിയില്‍ കാല്‍നടയാത്ര പോലും ദുസഹമാക്കും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം അടിമാലി ബസ് സ്റ്റാന്‍ഡിലെ തൊഴിലാളിയെ ഈ റോഡില്‍ വച്ച് ഒരു വാഹനം ഇടിച്ചിട്ടിരുന്നു. വണ്‍വേയായി ഗതാഗതം ക്രമീകരിച്ചിട്ടുള്ള ഈ റോഡില്‍ വണ്‍വേ സംവിധാനം പാലിക്കാതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന സ്ഥിതിയുമുണ്ട്. ഇരുചക്രവാഹനങ്ങളടക്കം അമിത വേഗതയില്‍ ഓടിക്കുന്നതും തിരക്കേറിയ ഈ റോഡില്‍ അപകടം ക്ഷണിച്ച് വരുത്താന്‍ ഇടയാക്കും. റോഡിലെ തോന്നും പടിയുള്ള വാഹന പാര്‍ക്കിംഗ് പലപ്പോഴും ഗതാഗതകുരുക്കിന് പോലും ഇടവരുത്തുന്നു. ബസ് സ്റ്റാന്‍ഡ് റോഡിലെ ഗതാഗതം സുഗമമാക്കാന്‍ വേണ്ടുന്ന ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം.