
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗ്രാമ മേള സജ്ജം 2025ന്റെ 7, 8 വാര്‍ഡുകളുടെ ഉദ്ഘാടനം കുഞ്ചിത്തണ്ണിയില്‍ നടന്നു. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രദര്‍ശന സ്റ്റാളുകള്‍, വിവിധ ആരോഗ്യ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ, മറ്റ് വകുപ്പ് തല സേവനങ്ങള്‍, പ്രദേശവാസികളുടെ കലാപരിപാടികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ഗ്രാമമേള. വിവിധ സര്‍ക്കാര്‍ പദ്ധതികളെ പൊതുജനങ്ങള്‍ക്കരികിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സജ്ജം 2025 എന്ന പേരില്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ ഗ്രാമമേളകള്‍ നടക്കുന്നത്.
പഞ്ചായത്തിലെ 7, 8 വാര്‍ഡുകളിലെ ഗ്രാമമേള കുഞ്ചിത്തണ്ണി സുരഭി ഓഡിറ്റോറിയത്തിലാണ് നടന്നത്. പള്ളിവാസല്‍ പഞ്ചായത്തിനായി സര്‍വ്വീസാരംഭിക്കുന്ന ആംബുലന്‍സിന്റെ ഉദ്ഘാടനവും നടന്നു. അഡ്വ. എ രാജ എം എല്‍ എ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 8 കേന്ദ്രങ്ങളില്‍ ഗ്രാമമേളകള്‍ നടത്താനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.മൂന്നാര്‍ ടാള്‍ ട്രീ റിസോര്‍ട്ട് ഡയറക്ടര്‍ ജെ ജയകൃഷ്ണനാണ് സി എസ് ആര്‍ ഫണ്ടില്‍ നിന്നും പഞ്ചായത്തിനായി ആംബുലന്‍സ് സമര്‍പ്പിച്ചിട്ടുള്ളത്. പരിപാടിക്ക് മുന്നോടിയായി കുഞ്ചിത്തണ്ണി ടൗണില്‍ വിളംബര ജാഥ നടന്നു. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പഠനോത്സവത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ ക്രമീകരിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലത സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡോ. നൗഷാദ് എം എസ് ആരോഗ്യ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.