മൂന്നാര്‍ ടൗണില്‍ തകര്‍ന്നു കിടക്കുന്ന നല്ലതണ്ണി പാലം പുനര്‍ നിര്‍മിക്കാന്‍ നടപടിയില്ല

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ തകര്‍ന്നു കിടക്കുന്ന നല്ലതണ്ണി പാലം പുനര്‍ നിര്‍മിക്കാന്‍ നടപടിയില്ല. വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ യാത്രചെയ്തിരുന്ന പൊതുമരാമത്തുവകുപ്പിന്റെ നടപ്പാലമാണ് നാളുകളായി തകര്‍ന്നു കിടക്കുന്നത്.2023 ഡിസംബര്‍ എട്ടിനാണ് നല്ലതണ്ണി ജംഗ്ഷനിലെ നടപ്പാലം തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്നാര്‍ കോളനി സ്വദേശിക്ക് പരിക്കേറ്റിരുന്നു.

പാലത്തില്‍ മറ്റാരുമില്ലായിരുന്നതിനാല്‍ വന്‍ദുരന്തമാണ് അന്ന് ഒഴിവായത്. ചെറുവാഹനങ്ങള്‍ പാലത്തിലൂടെ പോകുമായിരുന്നുവെങ്കിലും ബലക്കുറവുള്ളതിനാല്‍ കാല്‍നടയാത്രമാണ് അനുവദിച്ചിരുന്നത്. വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് പാലത്തിലൂടെ യാത്രചെയ്തിരുന്നത്.

പാലം തകര്‍ന്നതോടെ നല്ലതണ്ണിയിലേക്ക് പോകുന്ന കാല്‍നട യാത്രക്കാര്‍ പുതിയ പാലത്തിലൂടെ ചുറ്റിവളഞ്ഞ് യാത്രചെയ്യേണ്ട അവസ്ഥയായി.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരക്കേറിയ പുതിയ പാലത്തിലൂടെ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നടപ്പാലം പുനര്‍നിര്‍മിച്ചാല്‍ തിരക്കേറിയ സമയങ്ങളിലും ഇതുവഴി സുരക്ഷിതമായി യാത്രചെയ്യാനാകും.