KeralaLatest NewsLocal news

ഇടുക്കി മെഡിക്കൽ കോളേജ് : ഹോസ്റ്റൽ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം

ഇടുക്കി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർദേശിച്ചു. പ്രതിദിനം അൻപത് വീതം ജോലിക്കാരെനിർത്തി രണ്ട് മാസം കൊണ്ട് കരാർ കമ്പനി പ്രവൃത്തി പൂർത്തീകരിക്കണം. പ്രവൃത്തികളുടെ മുൻഗണനാക്രമം നിശ്ചയിച്ച് പട്ടിക തയ്യാറാക്കി ഇടുക്കി സബ്കളക്ടർ ഡോ.അരുൺ എസ് നായർക്ക് നൽകുകയും വേണം. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലാകളക്ടർ വിളിച്ച് ചേർത്ത യോഗത്തെത്തുടർന്നാണ് തീരുമാനം.

ലാബിലെ നിർമ്മാണ പ്രവൃത്തികൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും, ലക്ചർ ഹാളിൽ ലൈറ്റും ഫാനും ഘടിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും കരാർ കമ്പനിയായ കിറ്റ്കോയ്ക്ക് കളക്ടർ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിലെ അടിസ്ഥാന പ്രശ്നങ്ങൾ ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ വിശദീകരിച്ചു. അക്കാദമിക് ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്താനാവുമോ എന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തോട് ആവശ്യപ്പെടും.

ഫോറൻസിക് വിഭാഗത്തിനായി മോർച്ചറിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി വികസന സമിതിക്ക് നിർദ്ദേശം നൽകി. കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ഇടുക്കി സബ്കളക്ടർ ഡോ .അരുൺ എസ് നായർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. ദേവകുമാർ, സൂപ്രണ്ട് ഡോ. സുരേഷ് വർഗ്ഗീസ്,ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!