പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രട്രീയ പ്രേരിതം; കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി

അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ യു ഡി എഫ് നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്ന് ഭരണസമിതിയംഗങ്ങള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊന്നത്തടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് തുക വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണമായിരുന്നു പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ മുമ്പോട്ട് വച്ചത്.
ക്രമക്കേടിന് ഭരണസമതി കൂട്ടുനിന്നുവെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആക്ഷേപം. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളുകയാണ് ഭരണസമിതിയംഗങ്ങള്‍. ആരോപണങ്ങള്‍ തികച്ചും രാഷ്ട്രട്രീയ പ്രേരിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് പരാതി നല്കിയിട്ടുള്ളതാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ക്രമക്കേട് ഭരണസമിതിക്കെതിരെ തിരിച്ചുവിടാനുള്ള നിലപാടാണ് യൂഡിഎഫ് നേത്യത്വം സ്വീകരിച്ചിരിക്കുന്നത്. ക്രമക്കേടിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും ഭരണസമതിയംഗങ്ങള്‍ പറഞ്ഞു.അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങള്‍ പങ്കെടുത്തു.