മൂന്നാറിൽ സാഹസിക യാത്ര വർധിച്ചു ; ഏതാനും ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എട്ടിലധികം സംഭവങ്ങൾ .

ഇടുക്കി : വേനൽ അവധിയാരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ വാഹനങ്ങളിൽ സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണവും വർധിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ എട്ടിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗ്യാപ്പ് റോഡുൾപ്പെടുന്ന ദേശിയപാതയിലാണ് നിയമ ലംഘനങ്ങൾ ഏറെയും.ഇന്നലെയും ഗ്യാപ്പ് റോഡിൽ സാഹസിക യാത്ര നടന്നു. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലായിരുന്നു രണ്ട് യുവാക്കൾ അപകടകരമായി യാത്ര ചെയ്തത്.
നാളുകള്‍ക്ക് മുമ്പ് വരെ ഗ്യാപ്പ് റോഡില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു .ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. വീണ്ടും സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും നടപടി കടുപ്പിക്കണമെന്നും നിയമ ലംഘകരെ പിടികൂടണമെന്നും ഉള്ള ആവശ്യം ശക്തമാകുകയാണ്.