കൊന്നത്തടി മേഖലയില്‍ ജപ്തിയുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്

അടിമാലി: കൊന്നത്തടി മേഖലയില്‍ വിവിധ ബാങ്കുകള്‍ നടത്തിവരുന്ന ജപ്തിയുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. കൊന്നത്തടി മേഖലയില്‍ വിവിധ ബാങ്കുകള്‍ നടത്തി വരുന്ന ജപ്തിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിട്ടുള്ളത്. ബാങ്കുകളില്‍ നിന്നും വായ്പ്പ എടുത്തു കുടിശ്ശിഖയായവര്ക്ക് എതിരെ ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോയ വര്‍ഷം വരള്‍ച്ച ഉള്‍പ്പെടെ ബാധിച്ച് കൊന്നത്തടി മേഖലയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തില്‍ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുമ്പോട്ട് വരുന്നത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന് പറഞ്ഞു.
വായ്പ കുടിശ്ശിഖ ഉള്ളവരുടെ സ്ഥലവും വീടും ജപ്തി ചെയ്യുന്നതിന്റെ മുന്നോടിയായി ഭൂമി അളന്നുതിരിക്കുന്ന നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. നടപടികളില്‍ നിന്നും ബാങ്കുകള്‍ പിന്നോട്ട് പോയില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ചുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന്, ബിജു ജോര്‍ജ് മുക്കുടം, ബിജു കിഴക്കേവീട്ടില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.