
അടിമാലി: അടിമാലി ടൗണ്‍ പരിസരത്ത് ഇടവഴിയില്‍ മുഖംമൂടി ധാരിയുടെ സാന്നിധ്യം ആളുകളില്‍ ആശങ്ക ഉയര്‍ത്തുന്നു. ടൗണ്പരിസരത്ത് കോയിക്കക്കുടി ഭാഗത്താണ് ഇടവഴിയില്‍ മുഖംമൂടി ധാരിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. വീടുകള്‍ക്ക് സമീപത്തെ ഇടവഴിയിലൂടെ അജ്ഞാതന്‍ നടന്നു നീങ്ങുന്ന ദൃശ്യമാണ് പ്രദേശത്തെ ഒരു സുരക്ഷാ ക്യാമറയില്‍ പതിഞ്ഞത്. നിലവില്‍ ഈ ഭാഗത്ത് മോഷണ സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് വിവരം. വീടുകളുടെ കോമ്പൗണ്ടിനുള്ളില്‍ കയറി ജനാലകളുടെ ഭാഗത്ത് ചുറ്റിത്തിരിഞ്ഞതായുള്ള പരാതിയുണ്ട്.
പ്രദേശത്തെ വീടുകളില്‍ ഒന്നില്‍ വിരിച്ചിട്ടിരുന്ന വസ്ത്രങ്ങള്‍ മറ്റൊരു വീട്ടില്‍ കണ്ടെത്തിയതോടെയാണ് പ്രദേശവാസികളില്‍ സംശയം ജനിച്ചതും തുടര്‍ന്ന് സി സി ടി വി ക്യാമറകള്‍ പരിശോധിച്ചതും. ഇതെ തുടര്‍ന്നാണ് അജ്ഞാതന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ആശങ്കയകറ്റണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പോലീസും ഇക്കാര്യത്തില്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്