മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വൈദ്യുതി കണക്ഷന്‍ അന്യം

മൂന്നാര്‍: പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വൈദ്യുതി കണക്ഷന്‍ അന്യം. 2018-19 വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടായി തുക അനുവദിച്ച് ഒരു കോടി രൂപ ചിലവഴിച്ച് 2020 കാലയളവിലാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗമായി പുതിയ കെട്ടിടം പണികഴിപ്പിച്ചത്.കൊവിഡ് കാലമായതിനാല്‍ പിന്നീട് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ എത്തി.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്‌കൂള്‍ തുറന്നതോടെ സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ കെട്ടിടത്തില്‍ നിന്നും താല്‍ക്കാലിക സംവിധാനത്തിലൂടെ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തില്‍ വൈദ്യുതി ലഭ്യമാക്കി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നടന്ന പരിശോധനക്കിടെ താല്‍ക്കാലികമായി ഹയര്‍സെക്കണ്ടറി വിഭാഗം കെട്ടിടത്തിലേക്ക് ഒരുക്കിയിരുന്ന വൈദ്യുതി ബന്ധം വിശ്ചേദിച്ചു.
ഇതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂപം കൊണ്ടത്. കെട്ടിടത്തില്‍ വൈദ്യുതി അന്യമായതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം പ്രതിസന്ധിയിലായി. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുചിമുറികളിലേക്ക് വേണ്ടുന്ന വെള്ളം ചുമന്നെത്തിക്കേണ്ടുന്ന ഗതികേടിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. സ്‌കൂളിലെ ലാബിന്റെ പ്രവര്‍ത്തനവും താറുമാറായി.60 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളുമടക്കം 120 കുട്ടികള്‍ ഇവിടെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പഠനം നടത്തുന്നുണ്ട്.
പുതിയ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ വേണ്ടുന്ന എന്‍ ഒ സി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ആക്ഷേപം ഉണ്ട്. സ്‌കൂള്‍ കെട്ടിടമെന്ന നിലയില്‍ എന്‍ ഒ സി വേഗത്തില്‍ ലഭ്യമാക്കി കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.