പണിതിട്ടും പണിതിട്ടും പണിതീരാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്; നടുവൊടിഞ്ഞ് യാത്രക്കാര്‍

അടിമാലി: പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡാണ് മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. മാങ്കുളം പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായുള്ള ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന 4.2 കിലോമീറ്റര്‍ ദൂരം വരുന്ന പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ് 2018ലെ പ്രളയകാലത്തായിരുന്നു തകര്‍ന്നത്. 2019ലെ കാലവര്‍ഷം കൂടിയായതോടെ റോഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. പിന്നീട് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ച് 2022 മാര്‍ച്ച് 26ന് നിര്‍മ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു.
270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. നിര്‍മ്മാണമാരംഭിച്ച് മൂന്ന് വര്‍ഷത്തോടടുക്കുമ്പോഴും ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. റോഡിന്റെ മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയും ചില കലുങ്കുകളുടെ നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു. ടാറിംഗ് ജോലികളും ഓടകളുടെയും മറ്റും നിര്‍മ്മാണ ജോലികളും ചിലയിടങ്ങളില്‍ ടൈല്‍ വിരിക്കേണ്ട ജോലികളുമാണ് അവശേഷിക്കുന്നത്.
റോഡില്‍ ഉറപ്പിച്ച മെറ്റലുകള്‍ ഇളകിയതോടെ പ്രദേശത്തേക്കുള്ള യാത്ര ദുഷ്‌ക്കരമായി. ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് പരിക്ക് സംഭവിക്കുന്നവരുടെ എണ്ണം ഏറുകയാണ്.പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സ്‌കൂളിലേക്കുള്ള ഏക റോഡ് കൂടിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. 6 ആദിവാസി ഇടങ്ങളിലെ കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കാല്‍നടയാത്ര പോലും ദുസഹമായ റോഡിലൂടെയാണ് ആളുകള്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ പുറം ലോകത്തേക്ക് യാത്ര ചെയ്യുന്നത്.
ഇളകി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിക്കുന്നത് പതിവാണ്. നാളിത്ര പിന്നിട്ടിട്ടും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഏതൊരാവശ്യത്തിനും പ്രദേശവാസികള്‍ക്ക് പുറംലോകത്തേക്ക് യാത്ര ചെയ്യേണ്ടുന്ന റോഡാണ് 7 വര്‍ഷത്തിലധികമായി ഇങ്ങനെ തകര്‍ന്ന് കിടക്കുന്നത്