പ്രളയകാലത്ത് തകര്‍ന്ന നടപ്പാലത്തിന്റെ സമീപനപാത പുനര്‍ നിര്‍മ്മിക്കാന്‍ നടപടിയില്ല

അടിമാലി: പ്രളയകാലത്ത് തകര്‍ന്ന നടപ്പാലത്തിന്റെ സമീപനപാത പുനര്‍ നിര്‍മ്മിക്കാന്‍ വര്‍ഷം ആറ് കഴിഞ്ഞിട്ടും നടപടിയില്ല. ബൈസണ്‍വാലി പഞ്ചായത്തില്‍ പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉപ്പാറിന് കുറകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇരുവശ ത്തും തകര്‍ന്നിരിക്കുന്നത്.2018ലെ മലവെള്ളപ്പാച്ചിലിലാണ് നടപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചുപോയത്. ഇതു മൂലം ഉപ്പാറിന്റെ ഇരുകരയിലുമുള്ളവര്‍ കിലോമീറ്ററുകള്‍ നടന്നാണ് ഇപ്പോള്‍ മറുകരകയില് എത്തുന്നത്.

ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിന്ന് ഉത്ഭവിച്ച് ഒഴുകിയെത്തുന്നതാണ് ഉപ്പാര് പുഴ. മഴക്കാലത്ത് പുഴ ഇരുകരകളും നിറഞ്ഞുകവിഞ്ഞൊഴുകും.2007 ല്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അനുവദിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് ഇവിടെ പതിനഞ്ച് അടി നീളത്തിലും ഒന്നരയടി വീതിയിലും നടപ്പാലം നിര്‍മിച്ചത്.

പതിനൊന്നുവര്‍ഷം ഈ പ്രദേശത്തെ ജനങ്ങളെ അക്കരെ ഇക്കരെയെത്തിച്ചത് ഈ പാലമായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് ആറു വര്‍ഷമാകാറായിട്ടും പുനര്‍നിര്‍മിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന പരാതി ഉയരുന്നു.തങ്ങളുടെ യാത്രാക്ലേശമൊഴിവാക്കാന് നടപടി ഉണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.