
അടിമാലി : നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടിമാലി ടൗണില്‍ ഹെല്‍മറ്റുകള്‍ മോഷണം വർദ്ധിക്കുന്നു. ടൗണില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങളില്‍ വച്ചിരിക്കുന്ന ഹെല്‍മറ്റുകളാണ് മോഷ്ടാക്കൾ അപഹരിക്കുന്നത്. ഹെല്‍മറ്റുകള്‍ മോഷ്ടിക്കപ്പെടുന്നതോടെ യാഥാര്‍ത്ഥ ഉടമകള്‍ പ്രതിസന്ധിയിലാകും. പോലീസ് പരിശോധനയിലും എ ഐ ക്യാമറകളിലുംപെടാതെ വീട്ടിലെത്തണമെങ്കില്‍ ഉടമസ്ഥര്‍ പിന്നീട് പുതിയ ഹെല്‍മറ്റ് വാങ്ങേണ്ട ഗതികേടിലാണ്. ടൗണ്‍ പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാണെങ്കിലും തസ്‌ക്കരന്‍മാര്‍ തങ്ങളുടെ ആവശ്യാനുസരണം ഹെല്‍മറ്റുകള്‍ മോഷ്ടിച്ച് കടത്തുന്നുണ്ട്.
ടൗണില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നായിരുന്നു കഴിഞ്ഞദിവസം ഹെല്‍മറ്റ് മോഷണം പോയത്. സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ സി സി ടി വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് ഹെല്‍മറ്റ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. ഹെല്‍മറ്റായതിനാല്‍ പലപ്പോഴും ഉടമകള്‍ പോലീസ് സ്‌റ്റേഷനിലും മറ്റുമെത്തി പരാതിപ്പെടാറുമില്ല. സമീപകാലത്തായി അടിമാലി ടൗണില്‍ മോഷണങ്ങളും മോഷണ ശ്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസം ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ടൗണ്‍ പരിസരത്തെ ഒരു ആരാധനാലയത്തിലും മോഷണ ശ്രമം നടന്നു.