മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാനകളെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്

മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാനകളെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ നിലനില്‍ക്കുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കാന്തല്ലൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനവാസ മേഖലകളില്‍ നിന്നും കാട്ടാനകളെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജീവനക്കാര്‍ പ്രദേശത്തെത്തി.വിവിധ ടീമുകളായി തിരിഞ്ഞാണ് ഇവര്‍ ആനകളെ ജനവാസമേഖലകളില്‍ നിന്നും തുരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വനാതിര്‍ത്തികളില്‍ സംരക്ഷണവേലി ഉടനടി സ്ഥാപിക്കും. വനത്തിനുള്ളില്‍ വന്യജീവികള്‍ക്ക് തീറ്റയും കുടിവെള്ള സൗകര്യവും ഉറപ്പാക്കും.വനാതിര്‍ത്തികളില്‍ വെച്ചുതന്നെ കാട്ടാനകളെ പ്രതിരോധിക്കാന്‍ വാച്ചര്‍മാരെ നിയമിക്കും. സൗരോര്‍ജ്ജ വേലികളുടെ അറ്റകുറ്റപ്പണികള്‍ നടത്തും തുടങ്ങി വിവിധയാവശ്യങ്ങളും വനംവകുപ്പ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്. വലിയ രീതിയില്‍ ആനകള്‍ കൃഷി നാശം വരുത്തിക്കഴിഞ്ഞു.പകല്‍ സമയത്ത് പോലും ആളുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് ഭയപ്പാടോടെയാണ്. ആനകളെ പൂര്‍ണ്ണമായി ജനവാസ മേഖലകളില്‍ നിന്ന് തുരത്തുകയും ആനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.