ഇടുക്കി ഡിസ്ട്രിക്ട് ട്രെയ്‌ഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം നാളെ നടക്കും

അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടുക്കി ഡിസ്ട്രിക്ട് ട്രെയ്‌ഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മൂന്നാമത് വാര്‍ഷിക പൊതുയോഗം നാളെ അടിമാലിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 ന് അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക പൊതുയോഗം നടക്കുന്നത്.
സംഘടനയുടെ കീഴിലുള്ള അംഗങ്ങള്‍ക്ക് രോഗത്തെ തുടര്‍ന്നോ അപകടം മൂലമോ സംഭവിക്കാവുന്ന ചികിത്സാ ചെലവുകള്‍ക്കും മരണം സംഭവിച്ചാല്‍ ആ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് വെല്‍ഫെയര്‍സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് സംഘടനാ ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളി പറഞ്ഞു. സംഘടനയിലെ അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ നിധിയുടെ വിതരണം നാളെ നടക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു നിര്‍വ്വഹിക്കും.
മരണപ്പെട്ട 10 അംഗങ്ങളുടെ അവകാശികള്‍ക്ക് 6.5 ലക്ഷം രൂപയുടെ കുടുംബ സുരക്ഷാ നിധിയാണ് കൈമാറുന്നത്. ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ ഡയസ് ജോസ് അധ്യക്ഷത വഹിക്കും. സൊസൈറ്റി വൈസ് ചെയര്‍മാന്‍ കെ ആര്‍ വിനോദ്, സെക്രട്ടറി തങ്കച്ചന്‍ കോട്ടക്കകം, ട്രഷറര്‍ സിബി കൊച്ചുവള്ളാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, ആര്‍ രമേശ്, വി എസ് ബിജു എന്നിവര്‍ സംസാരിക്കും. ജില്ലയിലെ ചില ആശുപത്രികളില്‍ സൊസൈറ്റി അംഗങ്ങള്‍ക്കുള്ള ചികിത്സ ഡിസ്‌കൗണ്ട് പദ്ധതിയുടെ ധാരണ പത്രം ആശുപത്രി അധികൃതര്‍ സൊസൈറ്റി ചെയര്‍മാന് കൈമാറുമെന്നും ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു