മൂന്നാറിലെ എഴുപത്തറാമത് ടാറ്റാ ഫിന്‍ലേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

മൂന്നാര്‍: മൂന്നാറില്‍ മൂന്നാഴ്ച്ചയോളം നീണ്ട എഴുപത്തറാമത് ടാറ്റാ ഫിന്‍ലേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. വാശിയേറിയ കലാശപോരാട്ടത്തില്‍ നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീം വിജയികളായി. പഴയ മൂന്നാര്‍ കെഡിഎച്ച്പി മൈതാനത്ത് നടന്ന ഫൈനലില്‍ എതിരില്ലാത്ത 2 ഗോളിന് കെഡിഎച്ച്പി ഡിപ്പാര്‍ട്ടുമെന്റിനെ തോല്‍പിച്ചാണ് ഐടിഡി ടീം വിജയികളായത്. വിജയികള്‍ക്കുള്ള ടാറ്റാ ഫിന്‍ലേ ഷീല്‍ഡ് കെഡിഎച്ച്പി കമ്പനി എംഡി മാത്യു ഏബ്രാഹിമിന്റെ പത്‌നി ഗീത ഏബ്രാഹാമില്‍ നിന്നു ഐടിഡി ടീമംഗങ്ങള്‍ ഏറ്റുവാങ്ങി. കെഡിഎച്ച്പി ഡിപ്പാര്‍ട്മെന്റ് ടീമിലെ വിനോദാണ് മികച്ച താരം. മികച്ച ഗോള്‍കീപ്പറായി നയമക്കാട് ടീമിലെ സൈല്‍വകുമാറിനെ തിരഞ്ഞെടുത്തു. ഗുണ്ടുമലയാണ് മികച്ച ടീം. കഴിഞ്ഞ 8നാണ് തോട്ടം മേഖലയിലെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നായ ഫിന്‍ലേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. ടാറ്റാ ടീ, ഹാരിസണ്‍, കെഡി എച്ച്പി, കണക്ട് ബിസിനസ് സൊല്യൂഷന്‍സ് എന്നീ കമ്പനികളില്‍ നിന്നുള്ള 14 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.