‘RSS ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണം’; വിഡി സതീശൻ
ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഗണഗീതം പാടിപ്പിച്ചതിൽ നടപടിവേണം. കുട്ടികൾ നിഷ്ങ്കളങ്കമായി പാടിയതല്ല. ആരെങ്കിലുമൊക്കെ പിന്നിലുണ്ട്. സ്കൂളിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഗണഗീതം ഔദ്യോഗിക പരിപാടിയിൽ ഡി.കെ. ശിവകുമാർ പാടിയാലും തെറ്റെന്നും വിഡി സതീശൻ പറഞ്ഞു
കേരളത്തെ ബിജെപി വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഡി സതീശന് പറഞ്ഞു. കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് വിഡി സതീശന് ചോദിച്ചു. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ഗണഗീതം ദേശഭക്തിഗാനം ആകുന്നതെങ്ങനെയാണെന്ന് അദേഹം ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം അവരുടെ പരിപാടിയില്‍ പോയി പാടിക്കോട്ടെ. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതിനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് വാങ്ങികൊടുത്തിട്ടുണ്ടെന്ന് വിഡി സതീശന് പറഞ്ഞു.
അതേസമയം നവകേരള സർവേയ്ക്കെതിരെയും വിഡി സതീശൻ വിമർശിച്ചു. നവകേരള സർവേ സർക്കാർ ചെലവിൽ രാഷ്ട്രീയ പാർട്ടികളെ ഉപയോഗിച്ച് നടത്തിയാൽ എതിർക്കുമെന്ന് അദേഹം വ്യക്തമാക്കി. സർക്കാർ ചെലവിൽ, നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല. പാർട്ടി സർക്കുലർ ഇറക്കി പാർട്ടിക്കാരെ കൊണ്ട് സർവേ നടത്തുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.



