ഊന്നുകല്ലിലെ കൊലപാതകം; മുഖ്യപ്രതി ആൺ സുഹൃത്ത് രാജേഷെന്ന് പൊലീസ്; രാജേഷിന്റെ കാറും മോഷണം പോയ സ്വർണഭാരണങ്ങളും പൊലീസ് കണ്ടെടുത്തു

ഊന്നുകൽ കൊലപാതകക്കേസിൽ മുഖ്യപ്രതി ശാന്തയുടെ ആൺ സുഹൃത്ത് രാജേഷെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും, സിസിടിവി ദ്യശ്യങ്ങളും ആണ് നിർണായകമായത്. ഒളിവിൽ ഉള്ള രാജേഷിന്റെ കാറും മോഷണം പോയ സ്വർണഭാരണങ്ങളും പൊലീസ് കണ്ടെടുത്തു.
ഈ മാസം 18നാണ് പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ശാന്ത, ആശുപത്രിയിലേക്ക് എന്നു പറഞ്ഞ വീട്ടിൽനിന്നിറങ്ങിയത്. അന്നുതന്നെ കൊലപാതകം നടന്നു എന്നാണ് ശാസ്ത്രീയ വിശകലനങ്ങൾക്കൊടുവിൽ അന്വേഷണ സംഘത്തിന്റെ നിഗമനം. ശാന്തയെ രാജേഷ് കാറിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾക്കൊപ്പം ഇരുവരും തമ്മിലുള്ള ഏറെക്കാലത്തെ ഫോൺ സംഭാഷണങ്ങളും പ്രതിയിലേക്കുള്ള സൂചന നൽകി. കൊല നടത്തിയ ശേഷം ശാന്തയുടെ സ്വർണാഭരണങ്ങൾ അടിമാലിയിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റ് 4 ലക്ഷം രൂപയും വാങ്ങി. ബാക്കി തുകയ്ക്ക് പകരമായി രാജേഷ് വാങ്ങി ഭാര്യക്ക് കൈമാറിയ 4 പവന്റെ മാലയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ ഊന്നു കല്ലിലെ വീടിന് സമീപത്തുള്ള ഹോട്ടലിൽ രാജേഷ് കുറച്ചുകാലം ജോലി നോക്കിയിരുന്നു. ആളൊഴിഞ്ഞ വീടും പരിസരവും എല്ലാം രാജേഷിന് പരിചിതമായതിനാൽ, മൃതദേഹം ഒളിപ്പിക്കാൻ എളുപ്പമായി എന്നാണ് പൊലീസ് പറയുന്നത്. രാജേഷിനെ പിടികൂടിയാൽ മാത്രമേ കൊലപാതകം നടത്തിയ ഇടവും രീതിയും എല്ലാം വ്യക്തമാകൂ. മറ്റൊരു സ്ഥലത്ത് വച്ച കൊലപ്പെടുത്തി ഊന്നുകിൽ എത്തിച്ച മറവ് ചെയ്തു എന്നാണ് നിഗമനം. ശാന്തയുടെ മൊബൈൽ ഫോണും രാജേഷിന്റെ കൈവശം എന്നാണ് സൂചന. കൊലപാതക വിവരം പുറത്തിറഞ്ഞത് മുതൽ രാജേഷിന്റെയും ശാന്തയുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കൂടുതൽ തെളിവ് ശേഖരണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ ഊന്നു കല്ലിൽ ഉൾപ്പെടെ പരിശോധന തുടരുകയാണ്.