
അടിമാലി: മഴ കനക്കുന്നതോടെ അടിമാലി ടൗണിന്റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാവുന്നത് പ്രതിസന്ധിയാകുന്നു. ദേശിയപാത 85 കടന്നു പോകുന്ന ടൗണില്‍ ഹില്‍ഫോര്‍ട്ട് ജംഗ്ഷനിലാണ് ഇത്തവണ വെള്ളക്കെട്ട് വ്യാപാരികളെ വലച്ചത്. വെള്ളമുയര്‍ന്നതോടെ റോഡിനോട് ചേര്‍ന്ന് താഴ്ഭാഗത്തായി പ്രവര്‍ത്തിച്ചു വന്നിരുന്ന വ്യാപാരസ്ഥാപനങ്ങളിലെ ആളുകള്‍ വലഞ്ഞു. വെള്ളം കടകള്‍ക്കുള്ളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായി.
മഴ പെയ്യുന്നതോടെ കൃത്യമായി ഓടകളിലൂടെ വെള്ളമൊഴുകാത്തതും ഓടകളില്‍ മാലിന്യം അടിഞ്ഞിട്ടുള്ളതും ടൗണില്‍ വെള്ളക്കെട്ടിന് ഇടവരുത്തുന്നുവെന്നാണ് ആക്ഷേപം. ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് ഭാഗത്ത് റോഡില്‍ വലിയ തോതില്‍ വെള്ളക്കെട്ടുണ്ടാവുന്ന സാഹചര്യം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇത് വ്യാപാരികള്‍ക്ക് മാത്രമല്ല വാഹന യാത്രികര്‍ക്കും കാല് നടയാത്രികര്‍ക്കും ഒരേ പോലെ പ്രതിസന്ധിയായി. ദേശിയപാതയിലടക്കം ടൗണില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. മഴക്കാലത്ത് കച്ചവടം കുറയുന്നതിനൊപ്പം വെള്ളം കയറിയുള്ള നഷ്ടം കൂടി ഉണ്ടാകുന്നത് വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയാണ്.