ദേവികുളം താലൂക്കില്‍ പരക്കെ മഴ ; മണ്ണിടിച്ചിൽ; അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കില്‍ ശക്തമായ മഴയാണ് പെയ്തത്. മഴയുടെ ശക്തികുറഞ്ഞെങ്കിലും താലൂക്കില്‍ പരക്കെ മഴ പെയ്യുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. ഇന്നലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. കല്ലാര്‍ മാങ്കുളം റോഡില്‍ തളികത്ത് റോഡില്‍ വെള്ളം കയറി വാഹനഗതാഗതം ദുഷ്‌ക്കരമായി. മാങ്കുളം ആനക്കുളം റോഡില്‍ ബൈസണ്‍വാലി കയറ്റത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായി.

പെരുമ്പന്‍കുത്ത് ആറാംമൈല്‍ റോഡില്‍ കരിമുണ്ടസിറ്റിക്ക് സമീപം റോഡില്‍ വലിയ വിള്ളല്‍ രൂപം കൊണ്ടു.മാങ്കുളം റേഷന്‍കട സിറ്റി വിരിഞ്ഞപാറ റോഡിലും പെരുമ്പന്‍കുത്ത് കുറത്തിക്കുടി റോഡിലും മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ഇരുമ്പുപാലം മെഴുകുംചാല്‍ റോഡില്‍ മരംവീണ് യാത്രാതടസ്സമുണ്ടായി. ദേശിയപാത85ല്‍ വാളറ കാവേരിപ്പടിക്ക് സമീപം മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പനംകുട്ടിക്ക് സമീപം ഇല്ലിത്തുറു റോഡിലേക്ക് വീണും ഗതാഗത തടസ്സമുണ്ടായി. ദേവികുളം ഗ്യാപ്പ് റോഡില്‍ പകല്‍ സമയത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് നിയന്ത്രണമുണ്ട്. ഇതുവഴി ഇന്നലെ രാത്രിയില്‍ യാത്ര നിരോധിച്ചിരുന്നു.

കല്ലാര്‍കുട്ടി, പൊന്‍മുടിയടക്കം വിവിധ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രതപുലര്‍ത്തിപ്പോരുന്നുണ്ട്.