എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്തെ മഴക്കെടുതിയിൽ വീണ്ടും ഒരു മരണം. ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോൺക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയിൽ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മകൾക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത് എന്നാൽ അപകടത്തിൽ പരുക്കേൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ മഴക്കെടുതിയിൽ മൂന്ന് പേരാണ് മരണപ്പെട്ടത്.
അതേസമയം, മഴ കനത്തതോടെ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കണ്ണമാലി, നായരമ്പലം ഭാഗത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നുവീണു . കാറ്റിനും മഴയ്ക്കും ഒപ്പം കടലാക്രമണവും രൂക്ഷമായതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് തീരദേശവാസികൾ