അടിമാലി ടൗണിന് സമീപം പള്ളിക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു; ഒരു വീട് അപകടാവസ്ഥയില്‍

അടിമാലി: കഴിഞ്ഞ രാത്രിയില്‍ പെയ്ത ശക്തമായ മഴയിലാണ് അടിമാലി ടൗണിന് സമീപം പള്ളിക്കുന്നില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയിലായിട്ടുള്ളത്. ഇരു വീടുകളിലും കുടുംബങ്ങള്‍ വാടകക്ക് താമസിക്കുന്നവരാണ്. ജലജയെന്ന 60കാരി തനിച്ച് വാടകക്ക് താമസിക്കുന്ന വീടിന് പിന്‍ഭാഗത്തേക്ക് മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തില്‍ പരിക്കുകള്‍ ഇല്ലാതെ ജലജ രക്ഷപ്പെട്ടു.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ പിറകുഭാഗം തകര്‍ന്നു. തനിച്ച് താമസിക്കുന്ന ജലജക്ക് വാടക വീട് അപകടാവസ്ഥയിലായതോടെ താമസിക്കാന്‍ ഇടമില്ലാതായി. ജലജ താമസിച്ച് വരുന്ന വീടിന് പിറകു ഭാഗത്തുള്ള വീടും അപകടാവസ്ഥയിലാണ്. ഈ വീടിനോട് ചേര്‍ന്നാണ് മണ്ണിടിഞ്ഞ് പോന്നിട്ടുള്ളത്. കനത്ത മഴ തുടര്‍ന്നാല്‍ കൂടുതല്‍ മണ്ണിടിയുമോയെന്ന ആശങ്ക സമീപവാസികളായ ആളുകള്‍ക്കുണ്ട്.
തനിച്ച് താമസിച്ച് വരുന്ന ജലജയുടെ അടച്ചുറപ്പൊള്ളൊരു വീടിനായുള്ള കാത്തിരിപ്പ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വാടക വീടുകൂടി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി ജലജ കൂടുതല്‍ ദുരിതത്തില്‍ ആയിട്ടുള്ളത്.