
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണ് കൈതച്ചാല്‍ മേഖല. വനാതിര്‍ത്തിയോട് ചേര്‍ന്ന പട്ടയഭൂമിയാണിവിടം. ഈ പ്രദേശത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. കൂട്ടമായി ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ ആളുകളുടെ കൃഷി ഭൂമിയില്‍ വ്യാപക നാശം വരുത്തി.
കായ്ഫലമുള്ള ജാതി, ഏലം, കമുക്, വാഴ തുടങ്ങിയ കൃഷിവിളകളാണ് കാട്ടാനകള്‍ അധികമായി നശിപ്പിച്ചത്. സ്ഥിരമായി കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന സ്ഥിതിയായതോടെ ആളുകളുടെ ജീവിതം ദുസഹമായി കഴിഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശത്ത് കിടങ്ങ് തീര്‍ത്ത് കാട്ടാന ശല്യം പ്രതിരോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രദേശത്തെ അഞ്ചോളം കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് ആന കൂടുതലായി നാശം വരുത്തിയത്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍ വരുന്ന പ്രദേശമാണിവിടം. പ്രദേശത്ത് കിടങ്ങ് തീര്‍ത്ത് കാട്ടാന ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വനംവകുപ്പിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന പരാതി പ്രദേശവാസികള്‍ക്കുണ്ട്.
കാട്ടാന കൃഷിയിടത്തില്‍ നാശം വരുത്തിയതിനെ തുടര്‍ന്ന് പനംകുട്ടി ഡെപ്യൂട്ടി റെയിഞ്ചോഫീസിലെ എസ് എഫ് ഒ ബാബു രാജിന്റെ നേത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പഞ്ചായത്തംഗം റോയി പാലക്കല്‍, മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോര്ഡിനേഷനംഗം കെ ബുള്‍ബേന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.