ഇരവികുളം ദേശീയ ഉദ്യാനത്തിന് അഭിമാന നേട്ടം; രാജ്യത്തെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി തിരഞ്ഞെടുത്തു

മൂന്നാര്‍: അമ്പതിന്റെ നിറവില്‍ ആഘോഷങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന ഇരവികുളം ദേശീയ ഉദ്യാനത്തിന് അഭിമാന നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി ഇരവികുളം ദേശീയ ഉദ്യാനത്തെ തിരഞ്ഞെടുത്തു. മിനിസ്ട്രി ഓഫ് എണ്‍വയോണ്‍മെന്റ് ഫോറസ്റ്റ് ആന്റ് ക്ലൈമറ്റ് ചെയിഞ്ച് 2020 മുതല്‍ 25 വരെ നടത്തിയ മാനേജ്മെന്റ് എഫക്ടീവ് എവാലുവേഷനിലാണ് ഇരവികുളത്തെ തിരഞ്ഞെടുത്തത്.
ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ മികച്ച നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് വനം വകുപ്പും. ഏറെ പ്രത്യേകതകളുള്ള ഇരവികുളം ദേശീയ ഉദ്യാനത്തെ അതീവ പരിസ്ഥിതി പ്രാധാന്യത്തോടെയാണ് വനം വകുപ്പ് സംരക്ഷിച്ച് വരുന്നത്. ഒപ്പം രാജ്യത്തെ തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ഇരവികുളം ദേശീയ ഉദ്യാനം. ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ രാജ്യത്തിന് തന്നെ അഭിമാനമായി ഇരവികുളം ദേശീയ ഉദ്യാനം മാറിയിരിക്കുന്നത്.
രാജ്യത്തെ മികച്ച ദേശീയ ഉദ്യാനമായി വെറുതെ തിരഞ്ഞെടുക്കുകയായിരുന്നില്ല ഇരവികുളത്തെ. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, വേള്‍ഡ് കമ്മീഷന് ഓഫ് പ്രൊട്ടക്ട് ഏരിയ എന്നിവയുടെ മൂല്യ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോര്‍ നിശ്ചയിച്ചത്. 32 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മൂല്യ നിര്‍ണ്ണയത്തില്‍ 92. 97 ശതമാനം പോയിന്റ് നേടിയാണ് ഇരവികുളം ദേശീയ ഉദ്യാനം രാജ്യത്തെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. അമ്പതാം വാര്‍ഷിക ആഘോഷവേളയില്‍ ഇരട്ടി മധുരമായി എത്തിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ഇരവികുളത്തെ കാത്ത് പരിപാലിക്കുന്ന ജീവനക്കാരും.
പശ്ചിമഘട്ട മലനിരകളില്‍ തെക്കുഭാഗത്ത് വരുന്ന ഉയര്‍ന്ന 97 സ്ക്വയര്‍ കിലോമീറ്ററാണ് ഇരവികുളം ദേശീയ ഉദ്യാനം. പുല്‍മേടുകളും ഷോലവനങ്ങളും നിറഞ്ഞ ജൈവ വൈവിദ്യത്തിന്റെ കലവറകൂടിയാണ് ഇരവികുളം. ലോകത്ത് ഏറ്റവും കൂടുതല്‍ വരയാടുകളെ കാണപ്പെടുന്ന പ്രദേശമെന്ന പ്രത്യേകതയും ഇരവികളം ദേശീയ ഉദ്യാനത്തിനുണ്ട്. മാത്രവുമല്ല പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഉള്‍പ്പടെ ഇരുപതോളം കുറിഞ്ഞി ഇനങ്ങളും ഇവിടെ പരിപാലിക്കപ്പെടുന്നു