
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഇടക്കിടെ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് ദേശിയപാത85ന്റെ ഭാഗമായ ഗ്യാപ്പ് റോഡിലേക്ക് പാതയോരത്തെ തിട്ടയില്‍ നിന്നും വീണ്ടും പാറക്കല്ല് അടര്‍ന്ന് വീണത്. വലിപ്പമുള്ള ഒരു കല്ലാണ് റോഡിലേക്ക് അടര്‍ന്നെത്തിയത്. രാത്രിയിലായതിനാല്‍ ആളുകളും വാഹനങ്ങളും ഈ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. ഇത്തവണ വേനല്‍മഴ ആരംഭിച്ച സമയം മുതല്‍ ഇത്തരത്തില്‍ ഗ്യാപ്പ് റോഡില്‍ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.
പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങള്‍ ഒഴിവായത് പോയത്. മഴക്കാലം ശക്തിയാര്‍ജ്ജിച്ചതോടെ ഗ്യാപ്പ് റോഡില്‍ പലയിടത്തും പാതയോരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ ഉറവച്ചാലുകള്‍ രൂപം കൊണ്ടിട്ടുണ്ട്. വെള്ളം ഒലിച്ചിറങ്ങുന്ന ഈ ഭാഗങ്ങളില്‍ നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നു. മഴ ശക്തിയാര്‍ജ്ജിക്കുന്ന ദിവസങ്ങളില്‍ ജില്ലാ ഭരണകൂടം ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. പകല്‍ സമയങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും കഴിഞ്ഞദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിലവില്‍ ഗ്യാപ്പ് റോഡ് വഴി യാത്രാ നിയന്ത്രണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല. നിര്‍മ്മാണവേളയിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷവും ഗ്യാപ്പ് റോഡ് മേഖലയില്‍ മഴക്കാലത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഖലയിലെ മണ്ണിടിച്ചിലിന് കുറവ് വന്നിട്ടുണ്ട്.