ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപകരണങ്ങൾ സ്ഥാപിക്കാൻ പോലും തടസം; പരിമിതികളിൽ വീർപ്പുമുട്ടി ഇടുക്കി മെഡിക്കൽ കോളേജ്

ഇടുക്കി: വലിയ പ്രതീക്ഷകളോടെ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജ് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടംതിരിയുന്നു. നിർമാണ ചുമതലയുള്ള കിറ്റ്കോയുടെ കെടുകാര്യസ്ഥത മൂലം പത്ത് വർഷമായിട്ടും കെട്ടിട നിർമാണം പൂർത്തിയായില്ല. നിർമാണത്തിലെ അപാകതകൾ ഓപ്പറേഷൻ തിയേറ്ററുകളിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് പോലും തടസ്സമാവുകയാണെന്ന് ജീവനക്കാർ പറയുന്നു.
ഗുരുതര രോഗികളെ ഇപ്പോഴും കോട്ടയത്തേക്ക് അയക്കേണ്ട അവസ്ഥയാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നിലനിൽക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പലതവണ നേരിട്ടെത്തി ഉദ്ഘാടനങ്ങൾ നടത്തുകയും കാത്ത് ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇടുക്കിക്കാർ പരാതിപ്പെടുന്നു.
2015-ലാണ് പുതിയ കെട്ടിടത്തിൻ്റെ പണി ആരംഭിച്ചത്. എന്നാൽ കിറ്റ്കോയുടെ മെല്ലെപ്പോക്ക് കാരണം പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ആറ് ഓപ്പറേഷൻ തിയേറ്ററുകളുള്ള കോംപ്ലക്സിൻ്റെ അവസ്ഥയും ഇത് തന്നെയാണ്. നിലവിൽ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ ഒരു ഓപ്പറേഷൻ തിയേറ്ററിലാണ് എല്ലാ ശസ്ത്രക്രിയകളും നടത്തുന്നത്.
മെഡിക്കൽ കോളേജിൽ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിക്കാൻ വാങ്ങി വെച്ച 11 കെ.വി. സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറുകൾ കാലപ്പഴക്കം കാരണം നന്നാക്കാനായി കൊണ്ടുപോയിരിക്കുകയാണ്. ഇതിന് മാത്രം എട്ട് കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണത്തിലെ കുറവും വലിയ പ്രശ്നമാണ്.
മെഡിക്കൽ കോളേജിനകത്തെ റോഡുകളിലൂടെ സഞ്ചരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. റോഡ് നിർമാണത്തിനായി 16 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും, കിറ്റ്കോ 22 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകിയത് പ്രതിസന്ധി രൂക്ഷമാക്കി. കെട്ടിടം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് മന്ത്രിമാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കിറ്റ്കോ ചെവിക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. കിറ്റ്കോയും ആരോഗ്യ വകുപ്പിൻ്റെ ടെക്നിക്കൽ കമ്മിറ്റിയും തമ്മിലുള്ള തർക്കങ്ങളാണ് ഈ കാലതാമസത്തിന് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്. ഈ വിഷയത്തിൽ ഒരു പരിഹാരം ഉടൻ ഉണ്ടാകുമെന്നാണ് ഇടുക്കിയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.