
അടിമാലി: ദേശിയപാത85ൻ്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നവീകരണ ജോലികൾ തടഞ്ഞുള്ള കോടതി ഇടപെടലിൽ പ്രതിഷേധം ശക്തം. വിഷയത്തിൽ പ്രതിഷേധിച്ച് അടിമാലി പഞ്ചായത്തിൽ യു ഡി എഫും എൽ ഡി എഫും ഹർത്താൽ ആചരിച്ചു. പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ യുഡിഎഫ് തനിച്ച് ഹർത്താലിനാഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാർ ദേശിയപാതയിൽ വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.
ദേശിയപാതയിൽ നവീകരണജോലികൾ നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായാണ് വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാവുകയും നിർമ്മാണ ജോലികൾ നിർത്തി വയ്ക്കുകയും ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ഹർത്താൽ. ഹർത്താലനുകൂലികൾ ദേശിയ പാതയിൽ അടിമാലി ടൗണിലടക്കം വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.ഏതാനും സമയം തടഞ്ഞിട്ട ശേഷം തുടർയാത്ര അനുവദിച്ചു. മേഖലയിലെ കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സി വാഹനങ്ങളും സർവ്വീസ് നടത്തിയില്ല.
കെ എസ് ആർ ടി സി സർവ്വീസുകൾ നടന്നു. ദേശിയപാതയിലൂടെ വിനോസഞ്ചാര വാഹനങ്ങൾ എത്തി. ചില വാക്ക് തർക്കങ്ങൾ ഒഴിച്ചാൽ ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ആനാച്ചാൽ മേഖലയിൽ ഏതാനും കടകൾ തുറക്കുകയും ഓട്ടോ ടാക്സി അടക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. ദേശിയപാത വിഷയത്തിൽ വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളിൽ യു ഡി എഫ് തനിച്ച് ഇന്നലെ ഹർത്താലിനാഹ്വാനം ചെയ്തിരുന്നു. ദേശിയ പാത വികസനത്തിൻ്റെ ഭാഗമായി മൂന്നാർ മുതൽ വീതി കൂട്ടിയുള്ള നവീകരണ ജോലികൾക്ക് തുടക്കം കുറിച്ചിരുന്നു. പണികൾ പൂർത്തിയാകുന്നതോടെ ദേശിയപാതയിലെ ഗതാഗത കുരുക്കും അപകടങ്ങളും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേര്യമംഗലം പാലം മുതൽ വാളറവരെയുള്ള വനമേഖലയിലും നവീകരണ ജോലികൾ തുടങ്ങിയിരുന്നു. ഈ നിർമ്മാണ ജോലികൾ തടഞ്ഞുകൊണ്ടാണിപ്പോൾ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടുള്ളത്. നേര്യമംഗലം വനമേഖലയിലെ നിർമ്മാണജോലികളുമായി ബന്ധപ്പെട്ട് തുടക്കത്തിൽ വനംവകുപ്പ് തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് ജനകീയ പ്രതിഷേധം ഉയർന്നതിന് ശേഷമാണ് നേര്യമംഗലം വനമേഖലയിൽ നിർമ്മാണജോലികൾക്ക് തുടക്കം കുറിച്ചത്. ദേശിയപാത വികസനം ജില്ലയുടെ വികസനത്തിന് കരുത്താകുമെന്ന പ്രതീക്ഷയിൽ മുമ്പോട്ട് പോകവെയാണ് മറ്റൊരു പ്രതിസന്ധിയിപ്പോൾ രൂപം കൊണ്ടിട്ടുള്ളത്.