അടിമാലി അപ്സരാകുന്നിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നെടുങ്കണ്ടം സ്വദേശി പ്രദീപ് ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അടിമാലി ടൗണിന് സമീപം അപ്സരാകുന്നിൽ തോട്ടിൽ പ്രദീപിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം സ്വദേശിയെങ്കിലും മേസ്തിരിപ്പണിക്കാരനായ പ്രദീപ് കഴിഞ്ഞ കുറച്ചധികം കാലമായി അടിമാലിയിലാണ് താമസിച്ച് വന്നിരുന്നത്. തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിവർത്തിയ നിലയിൽ ഒരു കുടയുമുണ്ടായിരുന്നു.
മൃതദേഹം കണ്ടതോടെ സമീപവാസികൾ വിവരം പോലീസിൽ അറിയിച്ചു. ഈ ഭാഗത്ത് കൈത്തോടിന് കുറുകെ ചെറിയൊരു കലുങ്കുണ്ട്. രാത്രിയിൽ താമസസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കാൽ വഴുതി വീണ പോലുള്ള അടയാളവും പ്രദേശത്തുള്ളതായി പോലീസ് പറഞ്ഞു. പോലീസ്, മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്ക് മാറ്റുവാൻ ഇൻക്വസ്റ് നടപടികൾ സ്വീകരിച്ചു. മരിച്ച പ്രദീപ് അടിമാലിയിൽ തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നതെന്നാണ് വിവരം.