പനംകുട്ടി ചപ്പാത്തിന് മുകളില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികര്‍ ഒഴുക്കില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

അടിമാലി: അടിമാലി പനംകുട്ടി ചപ്പാത്തില്‍ വെള്ളം കയറിയതോടെ ചപ്പാത്തിന് മുകളിലെ ഒഴുക്ക് വകവയ്ക്കാതെ ഇതുവഴി സഞ്ചരിച്ച സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കമ്പിളികണ്ടം പനംകൂട്ടി റോഡ് ദേശിയപാത 185മായി സംഗമിക്കുന്നതിന് സമീപമാണ് പനംകൂട്ടി ചപ്പാത്തുള്ളത്. മുതിരപ്പുഴക്ക് കുറുകെയാണ് ഈ ചപ്പാത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ കനത്ത് പെയ്തതോടെ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കുകയും മുതിരപ്പുഴയില്‍ വലിയ തോതില്‍ ജലനിരപ്പുയരുകയും ചപ്പാത്തിന് മുകളില്‍ വെള്ളം കയറുകയും ചെയ്തു.
ശക്തമായ ഒഴുക്കായിരുന്നു പുഴയില്‍ നിലനിന്നിരുന്നത്. ഈ ഒഴുക്ക് കണക്കിലെടുക്കാതെയാണ് സ്‌കൂട്ടര്‍ യാത്രികര്‍ വെള്ളം കയറി ഒഴുകുന്ന ചപ്പാത്തിന് മുകളിലൂടെ യാത്ര ചെയ്യാന്‍ ശ്രമിച്ചത്. വാഹനം ചപ്പാത്തിന് മധ്യഭാഗത്തെത്തിയതോടെ ഒഴുക്കില്‍പ്പെട്ടു. ഇതോടെ യാത്രക്കാര്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ പിന്നീട് ചപ്പാത്തില്‍ നിന്ന് പുഴയിലേക്ക് പതിച്ചു. അതി ശക്തമായ ഒഴുക്കായിരുന്നു ഈ സമയം പുഴയില്‍ നിലനിന്നിരുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടിരുന്നുവെങ്കില്‍ വലിയ അപകടത്തിന് ഇടയാക്കുമായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ചപ്പാത്തില്‍ വെള്ളം കയറിയ സമയം സമാന രീതിയില്‍ കാര്‍ യാത്രികര്‍ ഒഴുക്ക് വക വയ്ക്കാതെ യാത്ര ചെയ്യാന്‍ ശ്രമിക്കുകയും തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. മുതിരപ്പുഴയില്‍ വെള്ളം ഉയരുന്നതോടെ വെള്ളം കയറുന്ന പനംകുട്ടി ചപ്പാത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്