
ഓക്സിജനും പോഷകങ്ങളുമെല്ലാം രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ ഹൃദയത്തിന്റെ പങ്ക് വളരെ വലുതാണ്. ഹൃദയത്തിന്റെ പ്രവർത്തനം ശരീരത്തിന്റെ മൊത്തമാരോഗ്യത്തിനെ ആശ്രയിച്ചാണുള്ളത്.ആരോഗ്യമുള്ള ഹൃദയത്തിനെ സഹായിക്കുന്ന സെക്കൻഡ് ഹാർട്ട് എന്നറിയപ്പെടുന്ന അവയവം നമുക്കെല്ലാമുണ്ടെന്ന് അറിയാമോ?കാൽമുട്ടിന് പുറകിലായി കാണപ്പെടുന്ന കാഫ് മസിലുകളെയാണ് ‘സെക്കൻഡ് ഹാർട്ട്’ അഥവാ ‘രണ്ടാം ഹൃദയം’എന്ന് പറയപ്പെടുന്നത്.
എന്തുകൊണ്ട് രണ്ടാം ഹൃദയം ?
രക്തം പമ്പ് ചെയ്യുന്നതിൽ ഹൃദയത്തിനുള്ള പങ്ക് പോലെ തന്നെ പ്രധാനമാണ് കാഫ് മസിലുകളുടെ പ്രവർത്തനവും. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം, പമ്പ് ചെയുന്നത് ഹൃദയമാണെങ്കിൽ ശരീരത്തിന്റെ താഴത്തെ ഭാഗത്ത് നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ പമ്പ് ചെയ്യുന്നത് കാഫ് മസിലുകളാണ്.
ഈ മസിലുകൾക്കുള്ളിലുള്ള ഡീപ് വെയ്നുകൾ നമ്മൾ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോൾ ചുരുങ്ങുകയും നിവരുകയും ചെയ്യും.മുകളിലേയ്ക്കു പോകുന്ന രക്തം തിരികെ വരാതിരിക്കാനായി സഹായിക്കുന്ന ചെറിയ വാല്വുകളുണ്ട്, ഇവ മുകളിലേയ്ക്കു മാത്രമേ തുറക്കൂ.ഇത് രക്തം വേഗത്തിൽ പമ്പ് ചെയ്യാൻ സഹായിക്കുന്നു.രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ,കാൽ വീക്കം ,ഡീപ് വെയിൻ ത്രോംബോസിസ് (ഡിവിടി), വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങൾ തടയാനും സഹായകമാണ്.
കാഫ് മസിലുകളുടെ പ്രവർത്തനത്തിനായി ദിവസവും വ്യായാമം ചെയ്യേണ്ടതാണ്.ഇതിലൂടെ മസിലുകള്‍ ചുരുങ്ങി നിവരുകയും പമ്പിംഗ് ശരിയായി നടക്കുകയും ചെയ്യും.രാവിലെ നടക്കാൻ പോവുന്നതും,സ്റ്റെപ്പുകൾ കയറി ഇറങ്ങുന്നതും,ഉയരമുള്ള സ്ഥലത്തു നിന്ന് കാല്പാദത്തിന്റെ മുന്‍ഭാഗം നിലത്തുറപ്പിച്ച് ഉപ്പുറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതും രക്തത്തിന്റെ പമ്പിംഗ് കൃത്യമായി നടക്കാന്‍ സഹായിക്കും.