റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം മൂന്നാറില്‍ നടക്കും

മൂന്നാർ: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം ഇന്ന് മൂന്നാറില്‍ നടക്കും. മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം മൂന്നാറില്‍ നടത്തുന്നത്.
പഴയ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ മൂന്നാമത്തെ സീസണിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണ്ണമെന്റ് നടത്തിപ്പിനായി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകര്‍ അറിയിച്ചു. എം എം മണി എംഎല്‍എ മത്സരങ്ങള്‍ കിക്കോഫ് ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ എ രാജ എം എല്‍എ, മൂന്നാര്‍ ഡി വൈ എസ് പി അലക്സ് ബേബി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
അയല്‍ സംസ്ഥാനത്തുനിന്നുള്‍പ്പെടെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. സ്റ്റേഡിയത്തില്‍ രാവിലെ 9 ന് രജിസ്ട്രേഷന് ആരംഭിക്കും. ആറുപേരടങ്ങുന്ന ഒരു ടീമിന് 5 പെനാല്‍റ്റി കിക്കുകളാണ് ഉണ്ടാകുന്നത്. നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍ നടക്കുക. ഒന്ന്,രണ്ട്,മൂന്ന്,നാല്സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 30000, 20000, 10000, 5000 രൂപാ വീതവും കൂടാതെ വ്യക്തിഗത സമ്മാനങ്ങളും ട്രോഫികളും സമ്മാനിക്കുമെന്ന് ഗ്രീന്‍സ് മൂന്നാര്‍ പ്രസിഡന്റ് കെ എ മജീദ്, സെക്രട്ടറി ജി സോജന്, ട്രഷറര്‍ ബിജു മാത്യൂ, റെയ്ന്‍ 40 ഷൂട്ടൗട്ട് മത്സര ചെയര്മാന് കെ കെ വിജയന്, കണ്‍വീനര്‍ ലിജി ഐസക് എന്നിവര്‍ പറഞ്ഞു.