KeralaLatest NewsLocal news

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ചുമതലയേറ്റു; വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് പ്രഥമ പരിഗണന

ജില്ലയില്‍ നിലവില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനു വേണ്ടി കാര്യക്ഷമമായി നിര്‍വഹിക്കും. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും സഹകരണം കളക്ടര്‍ അഭ്യര്‍ഥിച്ചു. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന വി. വിഗ്‌നേശ്വരിയില്‍ നിന്നും ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു കളക്ടര്‍.

സംസ്ഥാനത്തിന്റെ സുഗന്ധവ്യഞ്ജന ഉദ്യാനമാണ് ഇടുക്കി. അതു പോലെ തന്നെ ടൂറിസം രംഗത്തും ജില്ല മികച്ച സംഭാവനകള്‍ നല്‍കുന്നു. ഈ മേഖലകളിലെ വികസനത്തിന് പ്രാധാന്യം നല്‍കും. ഇടമലക്കുടി ഉള്‍പ്പടെയുള്ള ആദിവാസ ഗോത്രമേഖലകളുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധ നല്‍കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ഡപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോ.ദിനേശന്‍ ചെറുവാട്ടിനെ സ്വീകരിച്ചു. തുടര്‍ന്ന് ചേംബറിലെത്തി വി. വിഗ്‌നേശ്വരിയില്‍ നിന്നും ചുമതല ഏറ്റെടുത്തു. സബ് കളക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, വി. എം ആര്യ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ അടക്കമുള്ളവര്‍ കളക്ടറെ സന്ദര്‍ശിച്ചു. 

ജില്ലയുടെ 42-ാമത്തെ കളക്ടറാണ് ഡോ.ദിനേശന്‍ ചെറുവാട്ട്. തിരുവനന്തപുരത്ത് ഹോമിയോപ്പതി വകുപ്പില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഭാര്യ ഡോ. ശ്രീകല, മക്കളായ അഞ്ജലി, അരവിന്ദ് എന്നിവരും ഡോ.ദിനേശന്‍ ചെറുവാട്ടിനൊപ്പം എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!