
മൂന്നാര്‍: താലൂക്കാസ്ഥാനമായ ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്. മൂന്നാര്‍ ഡി എഫ്ഒ, കെഡിഎച്ച് വില്ലേജ് ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരോടാണ് സബ് കലക്ടര്‍ വി എം ആര്യ അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ദേവികുളം ആര്‍ഡിഒ ഓഫിസിന് സമീപം സര്‍വേ നമ്പര്‍ 20/1ല്‍പെട്ട ഭൂമിയില്‍ നിന്നാണ് കാട്ടുമരങ്ങള്‍ ഉള്‍പ്പെടെ ലോഡ് കണക്കിന് മരങ്ങള്‍ മുറിച്ചു കടത്തിയത്. സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചതിന്റെ മറവിലാണ് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങളും അനുമതിയുമില്ലാതെ മുറിച്ചു കടത്തി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
മരം മുറിക്ക് വനവകുപ്പിലെയും റവന്യു വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായി സൂചനയുണ്ട്.ഈ സാഹചര്യത്തിലാണ് മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടുള്ളത്. റവന്യു, വനം വകുപ്പുകളുടെ മൂക്കിന് താഴെ ലക്ഷങ്ങളുടെ മരം കൊള്ള നടന്നതായാണ് ആരോപണം. കാട്ടുമരങ്ങള്‍ ഉള്‍പ്പെടെ ലോഡ് കണ ക്കിന് മരങ്ങള്‍ ഇതിനോടകം മുറിച്ചുകടത്തി കഴിഞ്ഞു.
വനം വകുപ്പിന്റെ ഡിഎഫ്ഒ, റേഞ്ച് ഓഫീസുകളുടെ തൊട്ടടുത്താണ് സംഭവം നടന്നത്. ഗ്രാന്റീസ്, കാട്ടുമരങ്ങള്‍ എന്നിവ വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോയത് വനംവകുപ്പ് ഓഫിസുകള്‍ക്ക് മുന്നിലൂടെയാണ്. ഉദ്യോഗസ്ഥരുടെ മൗനാനുവാദം സംഭവത്തില്‍ ഉണ്ടെന്നും ആരോപണമുണ്ട്.