
അടിമാലി: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. വരയാടുകളുടെ ആവാസകേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ രണ്ട് മാസക്കാലത്തേക്ക് ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി വരുന്നത്.
ഏപ്രില്‍ ഒന്നിന് പാര്‍ക്ക് വീണ്ടും തുറക്കും.ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. രണ്ടാഴ്ച മുമ്പ് രാജമലയില്‍ പുതിയ വരയാടിന് കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. പുതിയതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വന്യമൃഗങ്ങള്‍ അക്രമിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും വനം വന്യജീവി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 2025 ല്‍ നടത്തിയ കണക്കെടുപ്പില്‍ 830 വരയാടുകളാണ് രാജമലയില്‍ കണ്ടെത്തിയത്.
ഇതില്‍ 144 എണ്ണം പുതിയതായി ജനിച്ച കുഞ്ഞുങ്ങളാണ്. വരയാടുകളെയും കുഞ്ഞുങ്ങളെയും തൊട്ടടുത്ത് കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക ആവാസകേന്ദ്രമാണ് രാജമല. മൂന്നാറില്‍നിന്നും 15 കിലോ മീറ്റര്‍ ദൂരെ സമുദ്രനിരപ്പില്‍നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ 97 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് രാജമല സ്ഥിതി ചെയ്യുന്നത്.



