ഇടുക്കിയിൽ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ

ഇടുക്കി : നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
നെടുങ്കണ്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തും.



