CrimeKeralaLatest News

സ്വാഭാവിക ജാമ്യം നേടി പോറ്റിയും ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും എസ്‌ഐടിയ്ക്കും ഇന്ന് നിര്‍ണായക ദിവസം

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തില്‍ കട്ടിളപ്പാളി കേസില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകാന്‍ കഴിയും. കട്ടിള പാളി കേസില്‍ ഇന്ന് തന്ത്രി കണഠരര് രാജിവരും ജാമ്യ അപേക്ഷ സമര്‍പ്പിക്കും. മൂന്നാം തീയതിയാണ് കോടതി ദ്വാരപാലക പാളി കേസില്‍ തന്ത്രിയുടെ ജാമ്യ അപേക്ഷ പരിഗണിക്കുക.

സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആവശ്യം കോടതി പരിഗണിച്ചാല്‍ അത് പ്രത്യേക അന്വേഷണസംഘത്തിന് തിരിച്ചടിയാകും. പ്രതികള്‍ സ്വാഭാവിക ജാമ്യം നേടുന്നതിനെ കോടതിയും പ്രതിപക്ഷവും രൂക്ഷമായി വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ നേരിടേണ്ടതായി വരും.

അതേസമയം സ്വര്‍ണ്ണക്കെള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ ജാമ്യ അപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലകപ്പാളി,കട്ടിളപ്പാളി കേസുകളില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

അതിനിടെ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്‌ഐടി വിഎസ്എസ് സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിര്‍ണായിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. ഇതിനായി വീണ്ടും പാളികളുടെ സാമ്പിള്‍ എടുക്കണോ എന്നതില്‍ വ്യക്തത വരുത്തണമെന്നും വിഎസ്എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ വൈകിയതോടെയാണ് എസ്‌ഐടി നീക്കം. ഇതിനിടെ, ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!