2026 ജനുവരിയിൽ 450,090 പേർ യാത്ര ചെയ്തു; യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

24
യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026 ജനുവരിയിൽ 450,090 പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസക്കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. കൂടാതെ യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നു.
ജനുവരിയിൽ യാത്ര ചെയ്തവരിൽ 227,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കിൽ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 222,815 പേരാണ്. ജനുവരിയിൽ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്മെന്റുകൾ (എടിഎമ്മുകൾ) കൈകാര്യം ചെയ്തു. വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾക്ക് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ആകെ 40 ലക്ഷം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയത്. 2024ൽ ഇത് 48.9 ലക്ഷമായിരുന്നു. റീകാർപെറ്റിങ് പ്രവൃത്തികൾക്കായി റൺവേ അടച്ചിട്ടതും ഏറ്റവും കൂടുതൽ തിരക്കേറിയ യാത്രാ സീസണായ ഡിസംബറിൽ ഇൻഡിഗോ ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതും ഇതേതുടർന്ന് ടിക്കറ്റ് നിരക്ക് ഗണ്യമായി വർധിച്ചതുമാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് നേരിടാൻ കാരണം. കൂടാതെ, ആഭ്യന്തര യാത്രക്കാരുടെ എണ്ണം കുറഞ്ഞതും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടാകാൻ കാരണമായത്.
2025ൽ ഡിസംബർ 30നാണ് വിമാനത്താവളം ഏറ്റവും കൂടുതൽ വിമാനങ്ങളെ കൈകാര്യം (97 വിമാനങ്ങളും 16,133 യാത്രക്കാരും) ചെയ്തത്. ഓഗസ്റ്റ് മാസം 2.25 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്തു. പുതിയ റൂട്ടുകളും പ്രഖ്യാപിച്ചും സർവീസുകളുടെ എണ്ണം കൂട്ടിയും തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര സർവീസുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.



