സൂര്യാഘാതത്തിന് സാധ്യത; വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ആണ് ക്രമീകരണം. ലേബർ കമ്മീഷണർ സഫ്‌ന നസറുദീനാണ് സമയം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ ഉദ്യോഗസ്ഥർ പാലിക്കേണ്ട വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. കനത്ത ചൂടിൽ സൂര്യാഘാതം ഉണ്ടാകാനിടയിലുള്ള സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് 1958ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം പുതിയ സമയക്രമം നടപ്പാക്കുന്നത്. നിർദേശം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന നടത്തും.
പകൽ സമയത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12.00 മണി മുതൽ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ തൊഴിൽസമയം രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് രാവിലെ ആരംഭിക്കുന്ന ജോലി 12 മണിക്ക് അവസാനിക്കുകയും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്നുമണിക്ക് തുടങ്ങുകയും ചെയ്യുന്ന രീതിയിൽ സജ്ജീകരിക്കണമെന്നാണ് ഉത്തരവിലുള്ളത്.
അതേസമയം സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായി ഇടങ്ങളെ ഈ ഉത്തരവിൽ നിന്നും ഒഴിവാക്കി.
അടിയന്തര സാഹചര്യത്തിൽ ഈ ഉത്തരവ് പ്രകാരമുള്ള കാലയളവിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് സംബന്ധമായ റിപ്പോർട്ട് ബന്ധപ്പെട്ട റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ/ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ലേബർ കമ്മീഷണർക്ക് സമർപ്പിക്കും



