ഹൈന്ദവനായ സെക്യൂരിറ്റി ജീവനക്കാരന് പള്ളി അങ്കണത്തിൽ അന്ത്യോപചാരം;ഒരുമയുടെ സന്ദേശം പകർന്ന് മണി യാത്രയായി.

ഇടുക്കി : തുറന്നു കിടന്ന പള്ളിയുടെ കവാടത്തിന് മുമ്പിൽ ആ കാവൽക്കാരൻ അന്ത്യയാത്രയ്ക്ക് ഒരുങ്ങിയെത്തി. ഇടവക വികാരിയും, അംഗങ്ങളും അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസിയായ ആ മനുഷ്യന് വേണ്ടി അവർ പ്രാർഥിച്ചു. അന്ത്യോപചാരം അർപ്പിച്ചു. അവിടെ ഉയർന്നത് സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശമായിരുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഹൈറേഞ്ച് മേഖലയിലെ അടിമാലി സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചാറ്റുപാറ സബ്സ്റ്റേഷൻപടിയിൽ അനുഗ്രഹയിൽ മണി, കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറ് വർഷമായി പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഹൈന്ദവ വിശ്വാസിയായ മണി ഈ പള്ളിയിലെ എല്ലാ കാര്യങ്ങളിലും പള്ളി കമ്മിറ്റിക്കാരോടൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്നു. ഇതു കൊണ്ടുതന്നെ ഇവർക്കെല്ലാം വളരെ പ്രിയങ്കരനായിരുന്നു. പള്ളിയങ്കണത്തിൽ ഞായറാഴ്ച പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. പൊതുദർശനത്തിനും, പ്രത്യേക പ്രാർഥനയ്ക്കും ഇടവകയിലെ മുഴുവൻ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. തുടർന്ന് അടിമാലി ശാന്തി കവാടത്തിൽ സംസ്കരിച്ചു.



