അപ്രതീക്ഷിത നീക്കം; ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസ് രാജിവച്ചു

ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസ് രാജിവച്ചു. രാജിക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഗവര്‍ണറുടെ ഓഫീസിലെ തന്റെ സമയം അവസാനിച്ചുവെന്ന് മാത്രമാണ് അദ്ദേഹം നിലവില്‍ പ്രതികരിച്ചിട്ടുള്ളത്. അതിനിടെ നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി പുതിയ ബംഗാള്‍ ഗവര്‍ണര്‍ എന്ന് മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ രാജി ഞെട്ടിച്ചുവെന്നും മമത ബാനര്‍ജി പ്രതികരിച്ചു.
കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ സമ്മര്‍ദം സിവി ആനന്ദ ബോസിന് ഉണ്ടായിരുന്നോ എന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും രാഷ്ട്രതി ദ്രൗപതി മുര്‍മു ബംഗാള്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ആനന്ദ ബോസിന്റെ രാജി.2022 നവംബര്‍ മാസത്തിലാണ് സിവി ആനന്ദ ബോസ് ബംഗാള്‍ ഗവര്‍ണറായി നിയമിതനാകുന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ച ഗവര്‍ണറായിരുന്നു അദ്ദേഹം.
അതിനിടെ, ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയും രാജിവെച്ചു. കൂടുതൽ ഗവർണ്ണർമാർ രാജിവെച്ചേക്കുമെന്നാണ് വിവരം. പുതിയ നിയമനങ്ങൾ നടന്നേക്കുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്നത്.



