ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനവും തള്ളി

ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നത് വൈദ്യുതി വകുപ്പിൽ മാത്രം. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല.
പരിഹരിച്ചു മുന്നോട്ടു പോവുകയാണ്. മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പാണ് മുഖപത്രത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു



