അഡ്വ. എ രാജ രണ്ടാം തവണയും ദേവികുളം മണ്ഡലത്തിൽ എൽ ഡി എഫിനായി ജനവിധി തേടും

മൂന്നാർ: അഡ്വ. എ രാജ രണ്ടാം തവണയും ദേവികുളം മണ്ഡലത്തിൽ എൽ ഡി എഫിനായി ജനവിധി തേടും.ഇടതുപക്ഷത്തിൻ്റെ സിറ്റിംങ്ങ് സീറ്റാണ് ദേവികുളം. തുടർച്ചയായി 4 തവണ മണ്ഡലത്തിലെ ജനവിധി എൽ ഡി എഫിനൊപ്പം നിന്നു. തോട്ടം മേഖലയും കാർഷിക മേഖലയും ചേരുന്ന മണ്ഡലത്തെ അഞ്ചാം തവണയും ഇടത്തോട്ട് ചേർത്ത് നിർത്താൻ ലക്ഷ്യമിട്ടാണ് നിലവിൽ മണ്ഡലത്തിലെ എം എൽ എ ആയ അഡ്വ. എ രാജ രണ്ടാം വട്ടം എൽ ഡി എഫിനായി പോരാട്ടത്തിനിറങ്ങുന്നത്.
മൂന്ന് തവണ എസ് രാജേന്ദ്രനിലൂടെയായിരുന്നു മണ്ഡലത്തെ ഇടതു പക്ഷം നിലനിർത്തിയതെങ്കിൽ പുതുമുഖമായെത്തിയായിരുന്നു കഴിഞ്ഞ തവണ അഡ്വ. എ രാജ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. എ രാജക്ക് എം എൽ എ എന്ന നിലയിലുള്ള മണ്ഡലത്തിലെ മുഖ പരിചയവും നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ചർച്ചയാക്കി അഞ്ചാം തവണയും മണ്ഡലത്തെ ചേർത്ത് നിർത്താമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിൻ്റെ പ്രതീക്ഷ.
മണ്ഡലത്തിലെ സ്ഥാനാത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അഡ്വ. എ രാജക്ക് മൂന്നാറിൽ പ്രവർത്തകർ സ്വീകരണമൊരുക്കി. പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം തവണയും ദേവികുളം മണ്ഡലത്തെ ചുമപ്പിച്ച് നിർത്തുമെന്ന് അഡ്വ. എ രാജ എം എൽ എ പറഞ്ഞു. കോൺഗ്രസിൽ നിന്നുള്ള ഡി കുമാറും എൻ ഡി എയിൽ നിന്നുള്ള ഗണേശനുമായിരുന്നു 2021 ൽ ദേവികുളം മണ്ഡലത്തിൽ എ രാജയുടെ എതിർ സ്ഥാനാർത്ഥികൾ.
ഏഴായിരത്തിൽ പരം വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ എ രാജയുടെ വിജയം. 2021ന് മുമ്പ് മൂന്ന് തവണ മണ്ഡലത്തിലെ ഇടതുപക്ഷ എം എൽ എ യായിരുന്ന എസ് രാജേന്ദ്രൻ ഇത്തവണ സി പി എമ്മിനോട് പിണങ്ങി ബി ജെ പി ചേരിയിലാണെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാലയളവിനുണ്ട്. കഴിഞ്ഞ തവണ എ രാജ അമ്പത്തി ഒമ്പതിനായിരത്തിലധികം വോട്ടുകളും ഡി കുമാർ അമ്പത്തോരായി രത്തിലധികം വോട്ടുകളും ഗണേശൻ നാലായിരത്തിലധികം വോട്ടുകളുമാണ് മണ്ഡലത്തിൽ നേടിയത്.



