KeralaLatest NewsLocal news

പട്ടയ വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ പുനപരിശോധന വൈകും

അടിമാലി: ജില്ലയില്‍ 1964ലെ ചട്ടപ്രകാരമുള്ള പട്ടയ വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ പുനപരിശോധന വൈകും. കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും ഇതില്‍ വ്യക്തതയില്ലാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിയതെന്നാണ് സൂചന. 2024 ജനുവരി 10നാണ് 64 ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്.

ചട്ടം ലംഘിച്ച് കയ്യേറ്റ ഭൂമിക്കും പട്ടയം നല്‍കുന്നതും ഭൂപതിവ് ചട്ടത്തിന്റെ നിയമസാധുത ചോദ്യം ചെയ്തും പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയത്. 2 വര്‍ഷം കോടതി വിലക്ക് നീക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെട ലുകളുണ്ടായില്ല. 4 മാസം മുന്‍പ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി പട്ടയ വിലക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചു.  സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ച കോടതി കഴിഞ്ഞ 23ന് പട്ടയ വിലക്ക് സ്റ്റേ നീക്കിയെങ്കിലും പട്ടയം നല്‍കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ മുന്നോട്ടു വച്ചിരുന്നു.

എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ 3 ദിവസത്തിനു ശേഷം നടത്തിയ പട്ടയ മേളയില്‍ ആയിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ടതോടെയാണ് കോടതി വീണ്ടും പട്ടയ നടപടികള്‍ വിലക്കി ഉത്തരവിറക്കിയത്. ഇതോടെ കോടതി ഉത്തരവ് മൂലം ജില്ലയിലെ പട്ടയ നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയ മൂവായിരത്തോളം പട്ടയങ്ങള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സ്തംഭിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 7 പട്ടയ മേളകളിലായി 10,595 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്.

ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 6 പട്ടയ മേളകളിലായി 33,018 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. ജില്ലയില്‍ അര ലക്ഷത്തിലധികം സ്ഥല ഉടമകളാണ് ഇനിയും പട്ട യത്തിനായി കാത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!