KeralaLatest NewsLocal news

ദേവികുളം മണ്ഡലത്തില്‍ മുന്നണികളുടെ പ്രചാരണം വാശിയോടെ മുന്നേറുന്നു

അടിമാലി: പോളിംഗ് ദിനത്തിലേക്കുള്ള ദിവസങ്ങള്‍ കുറയുന്നതോടെ ദേവികുളം മണ്ഡലത്തിലും മുന്നണികളുടെ പ്രചാരണം വാശിയോടെ മുന്നേറുകയാണ്. വിസ്തൃതി കൊണ്ട് വലിപ്പ മേറിയ മണ്ഡലമാണ് ദേവികുളം. സംസ്ഥാനത്ത് ഏറ്റവും അധികം ആദിവാസി ജനത പോളിംഗ് സ്‌റ്റേഷനിലേക്കെത്തുന്ന മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് ദേവികുളം .വലിപ്പ മേറിയ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തി വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍ മൂന്നും.പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയും യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയും എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രനും നടത്തുന്നത്.

മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കാവേശമായി പ്രവര്‍ത്തകരും നേതൃത്വവും ഒപ്പമുണ്ട്.മണ്ഡലത്തില്‍ പോരാട്ടത്തിനായി 9 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായ മണ്ഡലത്തില്‍ സമുദായ സമവാക്യങ്ങള്‍ മുതല്‍ എസ് രാജേന്ദ്രന്‍ എഫ്കറ്റ് വരെ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന അന്തിമ വിജയത്തെ സ്വാദീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍ എം എല്‍ എ എന്ന നിലയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ മണ്ഡലത്തില്‍ എത്രത്തോളം വേട്ട് നേടുമെന്നത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിജയസാധ്യത നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

രാജേന്ദ്രന്‍ വഴി എല്‍ഡിഎഫില്‍ നിന്ന് കാര്യമായി വോട്ടുചോര്‍ച്ചക്കിടയില്ലായെന്ന് എല്‍ഡിഎഫ് നേതൃത്വം പറയുമ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് മാത്രമല്ല, യുഡിഎഫില്‍ നിന്നും തനിക്കനുകൂലമായ വോട്ടുകള്‍ ഉണ്ടാകുമെന്ന് എസ് രാജേന്ദ്രന്‍ ആവര്‍ത്തിക്കുന്നു. അതേ സമയം പ്രതീക്ഷിച്ച നിലയില്‍ എസ് രാജേന്ദ്രന് വോട്ട് സമാഹരിക്കാന്‍ ആയില്ലെങ്കില്‍ അതും മണ്ഡലത്തില്‍ രാഷ്ട്രീയ ചര്‍ച്ചയാകും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ ഇടയുള്ള വോട്ടു പോലും മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാണ്. എസ് രാജേന്ദ്രന്റെ എന്‍ഡിഎ പ്രവേശനത്തിലൂടെ എല്‍ഡിഎഫ് വോട്ടില്‍ വിള്ളല്‍ ഉണ്ടാകുമെന്ന കണക്ക് കൂട്ടല്‍ യുഡിഎഫ് ക്യാമ്പിനുണ്ട്.

തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ചേരുന്ന മണ്ഡലത്തില്‍ മുന്നണികള്‍ ചര്‍ച്ചയാക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളും വിവിധങ്ങളാണ്.വന്യജീവി വിഷയം, ഭൂവിഷയം, അടിസ്ഥാന വികസനം തുടങ്ങി വിവധ വിഷയങ്ങള്‍ പ്രചാരണം മുറുകുന്നതോടെ മുന്നണികള്‍ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!