എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെ; NDA സർക്കാർ വികസന കേരളം സൃഷ്ടിക്കും; പ്രധാനമന്ത്രി

എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാർ, മറ്റൊന്ന് വർഗീയവാദികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എൻഡിഎയോടുമാണ്. കേരളത്തിൽ എൻഡിഎ-ബിജെപി സർക്കാർ വികസന കേരളം സൃഷ്ടിക്കുമെന്നും ഇത് മോദി ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡീൽ ആരോപണം ഉൾപ്പടെ പരാമർശിച്ച് എൽഡിഎഫിനെയും യുഡിഎഫിനെയും മോദി വിമർശിച്ചു.
കോൺഗ്രസ് ആരോപിക്കുന്നു സിപിഐഎം ബിജെപിയുടെ ബി ടീം ആണെന്ന്. സിപിഐഎം ആരോപിക്കുന്നു കോൺഗ്രസിന്റെ ബി ടീം ആണ് ബിജെപി എന്ന്. രണ്ടു പെരും ഒന്ന് സമ്മതിച്ചിട്ടുണ്ട് കേരളത്തിൽ എ ടീം ബിജെപി ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെയാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സകല അഴിമതിയിലും അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാങ്ങളിലും ഇന്ത്യാ സഖ്യമുണ്ട്. കേരളത്തിൽ മാത്രം പരസ്പരം മത്സരിക്കുന്ന ഇവരെ ജനങ്ങൾ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തെ വികസന ഭൂമിയായി മാറ്റുക എന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുണ്ട്. കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോൾ കേരളത്തിനു നൽകിയത്തിന്റെ അഞ്ചിരട്ടി ബിജെപി സർക്കാർ നൽകി. സകല മേഖലകളിലും ഫണ്ട് അനുവദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഇതു ശരിയായി വിനിയോഗിച്ചില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കേരളം ഇന്ന് അഞ്ച് ലക്ഷം കോടി രൂപയുടെ കടം കയറിയ അവസ്ഥയിലാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കടം മൂന്നിരട്ടിയിലധികമായി. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി എന്ന് ചോദിച്ചാല്‍ എല്‍ഡിഎഫ് നേതാക്കളുടെ കീശയില്‍പ്പോയി എന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ അഴിമതിക്കാർ മോഷ്ടിച്ച പണം തിരികെ പിടിക്കും. ഈ പണം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്ന് മോദി പറഞ്ഞു.
കേരളം പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച സ്ഥലമാണ്. എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. എന്നാൽ തൊഴിൽ, വിദ്യാഭ്യാസ രംഗം പരാജയമാണ്. ഇവിടത്തെ യുവാക്കൾ പാലായനം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും എവിടെയെല്ലാം അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ച് പോയിട്ടെയുള്ളൂവെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇവരുടെ ചക്രവ്യൂഹത്തില്‍ കേരളത്തിലെ ജനങ്ങളും പെട്ടുപോയെന്ന് അദേഹം പറഞ്ഞു.
പാലക്കാട് അഞ്ച് പതിറ്റാണ്ട് കോൺഗ്രസിന്റെ ജനപ്രതിനിധി ഉണ്ടായിട്ട് ഒരു വികസനവും വന്നില്ല. ബിജെപി സർക്കാർ കേന്ദ്രം ഭരിക്കാൻ തുടങ്ങിയതോടെ നിരവധി വികസങ്ങൾ പാലക്കാട്ടേക്ക് നൽകി. ഐഐടി, വ്യവസായ ഇടനാഴി എന്നിവ ഉൾപ്പെടെ പാലക്കാട് എത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ മങ്കൂട്ടത്തിൽ കേസ് പരാമർശിച്ച് മോദി കോൺഗ്രസിനെ വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ മഹിളകളെ ആക്രമിക്കുന്നു. മഹിളകളെ പീഡിപ്പിക്കുന്ന കോൺഗ്രസ് നേതാക്കളെ സൂക്ഷിക്കണമെന്നും അദേഹം പറഞ്ഞു



